ആ പരബ്രഹ്മ സ്വരൂപത്തിന് മുന്നിൽ തൊഴുതു നിൽക്കവേ, പഞ്ചഭൂതങ്ങളിൽ ഒന്നാണ് ഞാൻ എന്ന തിരിച്ചറിവോടെ കണ്ണുകളടച്ചു. പഞ്ചേന്ദ്രീയങ്ങൾ കൊണ്ട് ആ അദൃശ്യ ഭാവത്തെ അറിയാൻ ശ്രമിച്ചു, അതിലൂടെ ഗ്രഹിച്ചതിൽ എന്തിലും അല്ലാഹുവിനെ അറിഞ്ഞു എന്ന് ഞാൻ അഹങ്കരിച്ചു. നെയ്യ് വിളക്കിൻറെ പ്രഭയായും, അത്തറിന്റെ സുഗന്ധമായും, പള്ളി മണിയുടെ മുഴക്കമായും, ഉണ്ണി കൃഷ്ണന്റെ നൈവേദ്യമായും, പകലിന്റെ ചൂടായും, രാത്രിയുടെ തണുപ്പായും ആ പരിശുദ്ധാത്മാവിനെ ഞാൻ ദർശിച്ചിരുന്നു.
കത്തിയെരിയുന്ന കർപ്പൂരാഴിയുടെ ഭക്തിയെ കീറി മുറിച്ചു രൂക്ഷമായ മനംപുരട്ടുന്ന ദുർഗന്ധം, എൻറെ കണ്ണുകൾ തുറന്നു! ഒരു മെലിഞ്ഞ ബാലൻ!!! നെയ്യ് വിളക്കിൻറെ ആദ്യ പ്രഭാകിരണങ്ങൾ എന്റെ കണ്ണുകളിലേക്ക് എത്തിയത് അവന്റെ മുഖത്ത് പ്രതിഭലിച്ചിട്ടായിരുന്നു. സൂര്യതേജസ്സ് ഇല്ല, ചന്ദ്രകാന്തി ഇല്ല! വിധി നല്കിയ വൈരൂപ്യം മാത്രം!!! അവന്റെ പ്രാർത്ഥനയ്ക്ക് വേദ മന്ത്രങ്ങളുടെ സ്പുഠത ഇല്ല, സോപാന സംഗീതത്തിന്റെ ശ്രുതിയില്ല, ലയമില്ല, താളമില്ല വെറും നിശബ്ധത മാത്രം (നിശബ്ദ നിലവിളി ആവാം!). ഒടുവിൽ ഉത്തരം എന്നപോലെ സ്ഥായി ഭാവത്തിൽ ഒരു മന്ദഹാസം നൽകി പ്രദക്ഷിണ വീഥിയിൽ മറഞ്ഞു.
ഉത്തരം ചോദ്യമായി ബാക്കി നിന്നു. തമസ്സ് നിറഞ്ഞ മനസ്സുമായി പ്രദക്ഷിണ വഴിയെ അലഞ്ഞു. പ്രകാശം തേടി ദീപങ്ങൾ നിറഞ്ഞ ശ്രീകോവിലിനു മുന്നിൽ തിരിച്ചെത്തി. അജ്ഞാനമാകുന്ന തമസ്സിൽ ഒരായിരം സൂര്യ പ്രഭയോടെ അതേ മന്ദഹാസം ജ്ഞാനദീപം കൊളുത്തി!